ഫോൺ കോൾ
ഗേറ്റിനരികിൽ നിന്നും ഗിരിജ വിളിക്കുന്നത് കേട്ട് ഞാൻ നടന്നു.
“എന്തേ അമ്പലത്തിലേക്ക് വന്നില്ല ? എല്ലാ മാസവും പൂജയ്ക്കാണല്ലോ നിന്നെ കാണാറ്.”
“സുഖമില്ലായിരുന്നു.തലവേദനിച്ചിരുന്നു. ഇപ്പൊ എന്തേ ഈ വഴി?”
മരുമകൾക്ക് ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട് .അതുകൊണ്ടു കുഞ്ഞുമോളെ അങ്കണവാടിയിൽ നിന്നും കൂട്ടാൻ പോകുവാ. അമ്മു വിളിച്ചുരുന്നോ?”
“അവൾ ഓഫിസിൽ എത്തി ജോലി ഒന്ന് ഒതുക്കി ഉച്ചയാവുമ്പോഴേ വിളിക്കു .”
ഗിരിജ : “രണ്ടു വർഷം ആയി അവളെ കണ്ടിട്ട് .അവൾക്കു വിശേഷം വല്ലതും ആയോ? “
“ഇല്ല.ഇതുവരെ ഒന്നും ആയില്ല.”
ഗിരിജ : ശെരി, സമയം ആയി.ഞാൻ പോവട്ടേ .
ഗേറ്റുമടച്ചു വീട്ടിലേക്കു നടക്കുമ്പോൾ അമ്മുവിൻറെ മുഖം മനസ്സിൽ നിറഞ്ഞു.
വീടിനുള്ളിൽ കയറിയതേ ഫോൺ ബെല്ലടിച്ചു .
” വല്യമ്മേ ഞാൻ മനുവാണ്. അടുത്തയാഴ്ച മാളൂട്ടിയുടെ രണ്ടാം പിറന്നാൾ ആണ്. വല്യമ്മയും വല്യച്ചനും തറവാട്ടിലേക്ക് വരണം. വല്യച്ചനോട് ഞാൻ വിളിച്ചു പറയാം വല്യമ്മാ “
“ശെരി മനു . ഞങ്ങൾ ഉറപ്പായും വരാം.”
ഫോൺ കോൾ കഴിഞ്ഞു ഫോൺ താഴെ വയ്ക്കുമ്പോൾ അമ്മുവിൻറെ കല്യാണ ആൽബം കണ്ടു. മനുവിന്റെയും അമ്മുവിന്റെയും കല്യാണം ഒരാഴ്ചയുടെ വ്യത്യാസത്തിൽ ആയ്യിരുന്നു. ഇപ്പോൾ വർഷം അഞ്ചു തികയുന്നു. വിശേഷം ആയില്ലേ എന്ന് എല്ലാവരും തിരക്കുന്നത് അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ നാട്ടിലേക്കുള്ള വരവ് തന്നെ കുറഞ്ഞു.
മനസ്സിന്റെ വിങ്ങൽ ഒതുക്കി ആല്ബം മടക്കി വെക്കുമ്പോൾ, ഫോൺ പിന്നെയും ബെല്ലടിച്ചു.
പതിവില്ലാതെ മരുമകൻ അരുണിന്റെ നംബറിൽ നിന്നാണ്. ഞാൻ ഫോൺ എടുത്തു .
“അമ്മേ ഞാൻ ഹോസ്പിറ്റലിൽ നിന്നാണ്. അമ്മുവിൻറെ ബ്ള്ഡ് ടെസ്റ്റും സ്കാൻ റിപ്പോർട്ടും കിട്ടി. അമ്മുവിന് വിശേഷം ഉണ്ട്. “
*******************************************************************************
